Go to Top

ആത്മാവിന്‍റെ ഫലങ്ങള്‍

ക്രിസ്തുയേശുവില്‍ വന്ദനം

“ആത്മാവിന്‍റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.”

എന്താണു ന്യായപ്രമാണം?
യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ക്കു ആചരിക്കുവാന്‍ വേണ്ടി നല്‍കിയ ഉഗ്രമായ കല്പനകളാണ്‌ ന്യായപ്രമാണം.

എന്തിനാണ് ന്യായപ്രമാണം?
വരുവാനുള്ള തലമുറ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെയ്ക്കയും ദൈവത്തിന്‍റെ പ്രവര്‍ത്തികളെ മറന്നു കളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ച് നടക്കുകയും ചെയ്യേണ്ടതിനു വേണ്ടിയാണു ദൈവം യിസ്രായേലിന് ന്യായപ്രമാണം നല്‍കിയത്. (സങ്കീര്‍ത്തനം.78 : 5 -8 )

തികച്ചും ഒരു യഹുദനായിരുന്ന വിശുദ്ധ പൗലോസ്‌ പറയുന്നത് “ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവും ഇല്ല ” എന്നാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു വ്യക്തി ആത്മാവിന്‍റെ ഫലം അനുഷ്ടിച്ചു നടക്കുന്നതില്‍ ഒരു ന്യായപ്രമാണവും എതിരല്ല എന്നര്‍ത്ഥം.

ഈ വാക്യഭാഗം നാം ശ്രദ്ധിച്ചാല്‍ ഫലം എന്ന വാക്ക് ഏകവചന രൂപത്തില്‍ ആണ് കൊടുത്തിരിക്കുന്നത്‌. 9 കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഫലങ്ങള്‍ എന്നല്ലേ ഉപയോഗിക്കേണ്ടത് എന്ന ചിന്ത നമ്മില്‍ ഉടലെടുക്കാം. എന്നാല്‍ വചനം പരിശോധിക്കുമ്പോള്‍ , പരിശുദ്ധാത്മാവ് എന്ന ഏക ഫലത്തിന്‍റെ 9 ഭാവങ്ങള്‍ ആണ് ഇതു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പരിശുദ്ധാത്മാവ് ഒരാളില്‍ വസിക്കുമ്പോള്‍ പ്രസ്തുത വ്യക്തിയില്‍ ഈ സവിശേഷതകള്‍ എല്ലാം കാണപ്പെടുന്നു. ഒരു സത്യാ വിശ്വാസിക്ക് ഒരിക്കലും ആത്മാവിന്‍റെ ഫലത്തില്‍ ചിലത് മാത്രം ധരിക്കുവാന്‍ സാധ്യമല്ല. ആത്മാവിന്‍റെ ഫലം എന്നത് ഒരു കുലയിലെ 9 ഇതളുകള്‍ പോലെ ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു.

1. സ്നേഹം
സ്നേഹമാണ് ഒന്നാമത്തെ ഫലം. സ്നേഹം എന്താണന്നും, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും 1 കൊരിന്ത്യര്‍ . 13 – ല്‍ നമുക്ക് കാണാവുന്നതാണ്. നിത്യവും നിലനില്‍ക്കുന്നതാണ് ദൈവസ്നേഹം. പരിധികള്‍ ഇല്ലാത്ത ദൈവ സ്നേഹമാണ് ക്രൂശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവില്‍ വെളിപ്പെട്ടത്. റോമര്‍. 5: 8 – ല്‍ ഇപ്രകാരം കാണുന്നു. ” ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്ക് വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.”
ഈ ലോകത്തുള്ള ഒരു നേതാക്കള്‍ പോലും തന്‍റെ അണികളുടെ രക്ഷയ്ക്കായി ജീവന്‍ കൊടുത്തിട്ടില്ല. എന്തിനു തന്‍റെ അനുയായിയുടെ രക്ഷയ്ക്കായി സ്വയം വേദനിക്കുവാന്‍ തയ്യാറായ ചരിത്രം ഇല്ല. എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പാപികളായ നമ്മെ തേടി ലോകത്തില്‍ വന്നു തന്നെത്താന്‍ ത്യജിച്ചു ദാസരൂപം എടുത്തു ക്രൂശില്‍ അവസാനതുള്ളി രക്തം വരെ ഊറ്റിതന്നു നമ്മെ പാപത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷിച്ചു. അതാണ് ദൈവസ്നേഹം.
ഈ സ്നേഹത്തില്‍ വസിക്കുവാനും ഉപാധികള്‍ ഇല്ലാത്ത ക്രിസ്തുവിന്‍റെ സ്നേഹം പോലെ അന്യോന്യം സ്നേഹിപ്പാനും ആണ് തിരുവചനം കല്‍പ്പിക്കുന്നത്.
“ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്‍ക്കുന്നു. ഇവയില്‍ വലുതോ സ്നേഹം തന്നെ.”

2. സന്തോഷം
ആത്മാവിന്‍റെ ഫലത്തില്‍ രണ്ടാമതായി കാണുന്നത് സന്തോഷം ആണ്. സ്നേഹം നമ്മില്‍ വസിക്കുമ്പോള്‍ സന്തോഷം നമ്മില്‍ നിറഞ്ഞു കവിയുന്നു. കര്‍ത്താവില്‍ ആണ് നാം സന്തോഷിക്കേണ്ടത് എന്ന് പൗലോസ്‌ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു. സന്തോഷത്തിന്‍റെ പരിപൂര്‍ണത ദൈവസന്നിധിയില്‍ മാത്രമേ ലഭിക്കു. യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിക്കുന്നവനെ ഭാഗ്യവാന്‍ എന്നാണ് ദൈവവചനം വിശേഷിപ്പിക്കുന്നത്.
അതുകൊണ്ട് “കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍ എന്ന് ഞാന്‍ പിന്നെയും പറയുന്നു .(ഫിലി.4: 4).”

3. സമാധാനം
ഹൃദയത്തിന്‍റെ പിരിമുറുക്കങ്ങളില്‍ നിന്നൊഴിഞ്ഞു ചിന്തകുലമോ ഹൃദയഭാരമോ ഇല്ലാത്ത അവസ്ഥ ആണ് സമാധാനം. “എന്‍റെ സമാധാനം നിങ്ങള്‍ക്കു തരുന്നു ” എന്നാണ് ക്രിസ്തു പറഞ്ഞത്. ലോകം തരുന്നത് പോലെയല്ല, ദൈവം തരുന്ന സമാധാനം പരിസ്ഥിതികളെയും സന്ദര്‍ഭങ്ങളെയും അതിജീവിച്ചു ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സകലബുദ്ധിയെയും കവിയുന്ന ദൈവസമാധാനം ലഭിച്ച ദൈവമക്കള്‍ തമ്മില്‍ സമാധാനമായിരിക്കണമെന്നും ദൈവവചനം അനുശാസിക്കുന്നു.

4. ദീര്‍ഘക്ഷമ
ദീര്‍ഘക്ഷമ എന്നതാണ് ആത്മാവിന്‍റെ ഫലത്തിന്‍റെ അടുത്ത ഭാവം. തുടര്‍ച്ചയായി വീണ്ടും വീണ്ടും ക്ഷമിക്കുന്നതാണ് ദിര്‍ഘക്ഷമ. ദൈവം നമ്മുടെ കടങ്ങളെ നമ്മോടു ക്ഷമിക്കുന്നതു പോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കണം എന്നാണ് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ഇതാണ് പറഞ്ഞിരിക്കുന്നത്.

5,6. ദയ , പരോപകാരം
അലിവുള്ള ഹൃദയത്തിന്‍റെ അവസ്ഥയാണ് ദയ. സ്നേഹത്തിന്‍റെ സ്വഭാവം ആണ് ദയ കാണിക്കുക എന്നത്. നമ്മുടെ വാഴ്ത്തപെട്ടവനായ കര്‍ത്താവ് ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ തന്‍റെ അടുക്കല്‍ വന്ന രോഗികളോടും ദു:ഖിതരോടും ദയ കാണിച്ചതായി നാം കാണുന്നു. ഒരു കണ്ണിനും ദയ തോന്നാതിരുന്ന നമ്മെ തന്‍റെ മഹാസ്നേഹത്താല്‍ മക്കളും അവകാശികളും ആക്കിയ ക്രിസ്തുവിന്‍റെ ദയ നാം മാതൃക ആക്കേണ്ടതാണ്. ദയ അന്യര്‍ക്ക് വേണ്ടി കരുതുന്നു. അവരോടു സഹതപിക്കുന്നു.
ദയയുള്ള വ്യക്തിക്കെ ആത്മാവിന്‍റെ ഫലത്തിലെ പരോപകാരം ചെയ്യുവാന്‍ കഴിയു. ഈ ചെറിയവരില്‍ ഒരുത്തനോട്‌ നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ എനിക്ക് ചെയ്തിരിക്കുന്നു എന്ന് ക്രിസ്തു ന്യായവിധി ദിവസത്തില്‍ പറയും എന്ന് വചനം പറയുന്നു. മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍ എന്ന മഹത്തായ ഉപദേശം തന്നപ്പോള്‍ ക്രിസ്തു ഉദ്ദേശിച്ചതും ഇതു തന്നെ ആണ്.

7. വിശ്വസ്തത
ആത്മാവിന്‍റെ ഫലത്തിന്‍റെ അടുത്ത പ്രത്യേകത ആണ് വിശ്വസ്തത. കൂറോടും സത്യസന്ധതയോടും കൂടെ പ്രവര്‍ത്തിക്കുക എന്നതാണ് വിശ്വസ്തത. അല്പത്തില്‍
വിശ്വസ്തത കാണിക്കുന്നവനെ ആണ് അധികത്തില്‍ വിചാരകനാക്കുന്നത്. നല്ലവനും വിശ്വസ്തനുമായ ദാസനെ എന്നുള്ള ദൈവത്തിന്‍റെ അഭിസംബോധന ലഭിക്കുവാന്‍ ഈ ലോകകാര്യങ്ങളിലും ദൈവീക വിഷയങ്ങളിലും അതീവ വിശ്വസ്തരായിരിക്കെണ്ടിയതാണ്. യോസേഫിനെ പോലെ ലോകകാര്യങ്ങളിലും മോശയെ പോലെ ആത്മീയ വിഷയങ്ങളിലും വിശ്വതരായിരിക്കുവാന്‍ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു.

8. സൗമ്യത
കര്‍ത്താവിന്‍റെ ഗിരി പ്രഭാഷണത്തില്‍ സൗമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും എന്നെഴുതിയിരിക്കുന്നു. സൗമ്യത ഉള്ളവര്‍ക്ക് ഇതു പ്രശ്നങ്ങളുടെ മേലും വിജയം കൈക്കൊള്ളുവാനും ആരെയും ശാന്തത പെടുത്തുവാനും സാധിക്കും.സൗമ്യത എങ്ങനെ വേണം എന്നുള്ളതിനു ഉത്തമ ഉദാഹരണമാണ് മോശ. ൪൦ കൊല്ലം ആടുകളെ മേയിച്ചു നടന്ന മോശക്ക് ആ കാലഘട്ടം സൗമ്യതയുടെ പാഠശാല ആയിരുന്നു. ആറു ലക്ഷത്തില്‍ പരം വരുന്ന യിസ്രായേല്‍ മക്കളെ കനാന്‍ ദേശത്തിലേക്കു നയിക്കുവാന്‍ മഹാ സൌമ്യനായ മോശയെ ദൈവം ഒരു പഠനകാലയളവില്‍ കൂടി കടത്തിവിടുകയായിരുന്നു. ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ടനെന്നു എണ്ണുമ്പോള്‍ സൗമ്യതയോടും താഴ്മയോടും പരസ്പരം ഇടപെടുവാന്‍ സാധിക്കും.

9. ഇന്ദ്രീയജയം
ഓരോ വ്യക്തിക്കും തന്‍റെ ജിവിതത്തില്‍ നിയന്ത്രണം ലഭിക്കുന്നതിനു ആവിശ്യമായ ഘടകമാണ് ഇന്ദ്രീയജയം. യാക്കോബ് അപ്പസ്തോലന്‍ ഏറ്റവും ചെറിയ അവയവമായ നാവിനെ കുറിച്ച് ” നാവും ഒരു തീ തന്നെ ” എന്ന് പറയുന്നു.
ഇന്ദ്രീയങ്ങളുടെ മേല്‍ ജയം നേടുവാന്‍ ആളുകള്‍ തപസനുഷ്ടിക്കുകയും യോഗ ചെയ്യുകയും , ധ്യനങ്ങളില്‍ പങ്കു കൊള്ളുകയും ചെയ്യുമ്പോള്‍ ഒരു ദൈവപൈതല്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍റെ മുഴുവന്‍ അവയവങ്ങളും ദൈവീക നിയന്ത്രണത്തില്‍ ആക്കുന്നു. ക്രിസ്തുയേശുവില്‍ ഉള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു.

ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *